Friday, October 14, 2011

ബാബുക്കാ നീട്ടിപ്പാടിയ...



കോഴിക്കോട് അങ്ങനെയാണ്… കോഴിക്കോട്ടുകാരും…
ഏത് ആധുനികതയിലേക്കുള്ള യാത്രയായാലും, ഏത് തിരക്കിന്നിടയിലും ചില പഴക്കങ്ങൾ നെഞ്ചോടു ചേർത്തുപിടിക്കും. പഴകും തോറും ലഹരി കൂടുന്ന അത്തരമൊരുപാട് ഗതകാല മധുരങ്ങളിലാണ് ഈ നാട് എന്നും ഉണരുന്നതും ഉറങ്ങുന്നതും….
ഈ ആകാശത്ത് റോക്കും പോപ്പും ഇടിമുഴക്കങ്ങളായി എത്ര ത്രസിച്ചാലും, ഡിസ്റ്റോർഷൻ ഗ്ഗിറ്റാറുകൾ എത്ര മിന്നൽപ്പിണരുകൾ പടർത്തിയാലും പിന്നെയും മണ്ണിൽ പെയ്യുന്നതും, നനഞ്ഞു നനഞ്ഞങ്ങനെ പടരുന്നതും മെഹ്ദി ഹസ്സനും, ഗുലാം അലിയും, റാഫി സാഹബും പിന്നെ നമ്മുടെ സ്വന്തം ബാബുക്കയും ഒക്കെത്തന്നെയാവും…
ഒരു അന്യദേശക്കാരൻ വന്നു വഴി ചോദിച്ചാൽ ഏതെങ്കിലും ഒരു ദിക്കിലേക്ക് അവ്യക്തമായി ചൂണ്ടുകയല്ല, അവനു പോവേണ്ടുന്ന വീടിന്റെ പടിക്കൽ വരെ ചൂട്ടും വീശി കൂടെച്ചെല്ലുന്ന ഒരു കോഴിക്കോട്ടുകാരന് സൽക്കാരപ്രിയതയും ആതിഥേയമര്യാദകളും വെറും ശീലങ്ങളല്ല, മറിച്ച് ഒരു നാളും കൈമോശം വരാനിടയില്ലാത്ത വികാരങ്ങൾ തന്നെയാണ്.
ആരോടും മുഖത്തുനോക്കി “അതു നടക്കില്ല” എന്നു മുഖം കറുപ്പിച്ച് പറയാൻ പഠിച്ചിട്ടില്ലാതെ കോഴിക്കോട്…
സ്വന്തം അവകാശങ്ങൾ പോലും “അത് എന്റേതാണ്, എനിക്കു വേണം” എന്നു തറപ്പിച്ചു പറയുന്നതിൽ കുറവുകളുള്ള കോഴിക്കോട്…
മുൻപരിചയങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു രണ്ടു വാക്കു അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിക്കഴിഞ്ഞാൽ “ബരീം.. ഒരു ചായ കുടിക്കാം..” എന്നു പറഞ്ഞു ചേർത്തു പിടിക്കുന്ന കോഴിക്കോട്…
ഇങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്ത ‘ഇമ്മിണി ബല്ല്യ കോഴിക്കോട’ൻ വിശേഷങ്ങളിൽ ചിലതെങ്കിലും ഒരു പാട്ടായ് പാടാൻ ശ്രമിക്കുമ്പോൾ ചേർന്നുപാടാൻ ക്ഷണിക്കുകയാണ്… കോഴിക്കോട്ടെ എല്ലാ ചെങ്ങായിമാരെയും അതിലും എത്രയോ ഏറെ വരുന്ന കോഴിക്കോടിന്റെ എല്ലാ ചെങ്ങായിമാരെയും…
മാനാഞ്ചിറയിലെ പച്ചപ്പരപ്പിൽ ഇരുന്ന് കോറിക്കുന്ന സൊറകൾക്കൊപ്പം കൂട്ടാൻ…
ബീച്ചിലെ ഐസൊരതിയ്ക്കൊപ്പം അലിയിച്ചു രസിക്കാൻ…
അപ്സരയിൽ നിന്നൊരു പടം കണ്ടിറങ്ങുമ്പോൾ, മുട്ടായിത്തെരുവിലെ ഞായറാഴ്ച്ചത്തിരക്കിലൂടെ നടക്കുമ്പോൾ ഒന്നു മൂളാൻ…..
“ബാബുക്കാ നീട്ടിപ്പാടിയ പെട്ടിപ്പാട്ടിൽ
കൈ കൊട്ടി താളം തട്ടി കോഴിക്കോട്…
കല്ലായിപ്പുഴ നീന്തിക്കുളിച്ചു വന്ന്
കല്ലിന്റെ കമ്മലിട്ടൊരു കോഴിക്കോട്….”
-Manu Manjith.                                       .

Lyrics Manu Manjith
Music: Ragesh Bhavani (9946155375)
Direction: Shony Roy
Singers: Sinov Raj, Deepthy & Ragesh Bhavani


No comments: